ഭിന്നശേഷിക്കാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും-മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ |
Written by kshp |
Wednesday, 23 May 2018 14:54 |
ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യം സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ. കെ. ശെലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വോയ്‌സ് എന്‍ഹാന്‍സ്ഡ് സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപ് വിതരണവും പരിശീലനവും 'കാഴ്ച 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്താല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാനാണ് ശ്രമം നടത്തിയത്. എന്നാല്‍ പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. സാമൂഹികക്ഷേമ വകുപ്പ് പ്രായമായവര്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കുമായി അമ്പ്രല്ലാ സ്‌കീമില്‍പെടുത്തിയാണ് ക്ഷേമ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി അനുയാത്ര എന്ന പേരിലാണ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ഇടയില്‍നിന്ന് മാജിക് ഗ്രൂപ്പിനെ തിരഞ്ഞെടുത്ത് മാജിക് പഠിപ്പിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെയാണ് ഇതിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. കുട്ടികളുടെ ചിന്തയിലും ചലനശേഷിയിലുമെല്ലാം മാറ്റങ്ങളുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നൂതനമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. |
Powered by c-dit.