logo

മലയാളം PDF Print E-mail
Written by Administrator   
Monday, 02 July 2012 06:33

ഭിന്നശേഷിക്കാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും-മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

 

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യം സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ. കെ. ശെലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വോയ്‌സ് എന്‍ഹാന്‍സ്ഡ് സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപ് വിതരണവും പരിശീലനവും 'കാഴ്ച 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്താല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാനാണ് ശ്രമം നടത്തിയത്. എന്നാല്‍ പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. സാമൂഹികക്ഷേമ വകുപ്പ് പ്രായമായവര്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കുമായി അമ്പ്രല്ലാ സ്‌കീമില്‍പെടുത്തിയാണ് ക്ഷേമ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി അനുയാത്ര എന്ന പേരിലാണ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ഇടയില്‍നിന്ന് മാജിക് ഗ്രൂപ്പിനെ തിരഞ്ഞെടുത്ത് മാജിക് പഠിപ്പിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളെയാണ് ഇതിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. കുട്ടികളുടെ ചിന്തയിലും ചലനശേഷിയിലുമെല്ലാം മാറ്റങ്ങളുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നൂതനമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ദുര്‍ബല വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് എപ്പോഴും നില്‍ക്കുന്നതെന്ന് തെളിയിക്കുന്നതാണ് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെന്ന് അദ്ധ്യക്ഷത വഹിച്ച സഹകരണ ദേവസ്വം ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷു വരെയുള്ള എല്ലാത്തരം ക്ഷേമ പെന്‍ഷനകളും വിതരണം ചെയ്യാന്‍ കഴിഞ്ഞതും പൊതു വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യാതിഥിയായിരുന്നു. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി കെ.മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹിക നീതി ഡയറക്ടര്‍ പി.ബി.നൂഹ്, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ കെ.ജി.സജന്‍, ഒ.വിജയന്‍, മുന്‍ ഡയറക്ടര്‍ കൊറ്റാമം വിജയകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനന്‍ സ്വാഗതവും ഡയറക്ടര്‍ ഗിരീഷ് കീര്‍ത്തി നന്ദിയും പറഞ്ഞു.

Last Updated on Wednesday, 23 May 2018 15:00
 

Powered by c-dit.